വിശാഖപട്ടണം: ആന്ധ്രാ പ്രദേശിൽ ജനസംഖ്യാ സംരക്ഷണത്തിന് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ചന്ദ്രബാബു നായിഡു സർക്കാർ. രണ്ടിൽ കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്കാണ് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.
മൂന്നാമത്തെ കുട്ടിയുടെ ജനനത്തിന് 30,000 രൂപയും നാലാമത്തെ കുട്ടിയുടെ ജനനത്തിന് 40,000 രൂപയും സർക്കാർ ധനസഹായമായി നൽകുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറിയിച്ചു. പൊതുപരിപാടിയിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
നേരത്തെ സംസ്ഥാന സർക്കാരിന്റെ പുതിയ ജനസംഖ്യാ നിയന്ത്രണ നയത്തിന്റെ കരടുരേഖ ചന്ദ്രബാബു നായിഡു നിയമസഭയിൽ അവതരിപ്പിച്ചിരുന്നു. സംസ്ഥാനത്ത് ജനനനിരക്കിൽ ഉണ്ടാകുന്ന കുറവ് കണക്കിലെടുത്തായിരുന്നു തീരുമാനം.
രണ്ടോ അതിൽ കൂടുതലോ കുട്ടികളുള്ള കുടുംബങ്ങൾക്ക് പ്രസവസമയം 25,000 രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. കൂടാതെ മൂന്നാമത്തെ കുട്ടിക്ക് അഞ്ച് വയസാകും വരെ പോഷക പിന്തുണയ്ക്കായി പ്രതിമാസം 1000 രൂപ നൽകുമെന്നും സർക്കാർ പ്രഖ്യാപിച്ചിരുന്നു.